വാക്കുകൾക്കു ശക്തി പകരുന്നത് ഓർമകളിൽ ജീവിക്കുമ്പോൾ മാത്രമാണ്

Monday, June 27, 2016

പ്രഭാതത്തിൽ വിരിഞ്ഞ കിരണങ്ങൾ 

                                                                     ഞാൻ ഫെയ്‌സ്ബുക്കിൽ കണ്ട ആ വരികൾ എന്നെ വല്ലാതെ ഓർമകൾ ഉണർത്തി...വർഷങ്ങൾക്കു ശേഷം ഞാൻ പ്രിയയെ വിളിച്ചു. അവിടുന്നു വന്നതിനു ശേഷം ആതിരയെ കുറിച്ചു അറിയുന്നതെല്ലാം പ്രിയയിലൂടെ ആയിരുന്നു.അവൾ സ്‌പെഷ്യൽ സ്കൂൾ ടീച്ചർ ആയി കയറി എന്നറിയാൻ കഴിഞ്ഞു.വീണ്ടും ഞാൻ പഴയ സ്മരണയിലേക്കു യാത്ര തിരിച്ചു ഓർമകളിലൂടെ!
                                                                  എൽ ഐ സി യുടെ  ജോലി അങ്ങനെ ഒരു മാസം കഴിഞ്ഞു...അവിടെ എല്ലാവരും തമ്മിൽ പരിചയമായി.അങ്ങനെ ഞങ്ങളുടെ വർക്കിന്റെ കാലാവധി ഒരു മാസം മാത്രം ആയുസ്സ്!
                                                                 അതിനിടയിൽ ഞാൻ അറിഞ്ഞു. ഒരുപാട് പ്രശ്നങ്ങൾ ആതിരയുടെ ജീവിതത്തിൽ ഉണ്ടായിരുന്നു എന്ന്...അവളുടെ ചേട്ടൻ വേറെ വിവാഹം കഴിക്കുകയും, അച്ഛൻ ഹാർട് അറ്റാക്ക് വന്നു കിടപ്പിലായതും ... അമ്മാവന്മാരുടെ കുറ്റപ്പെടുത്തൽ അവളും അമ്മയും സഹിക്കേണ്ടി വന്നതും.....എല്ലാം  അറിഞ്ഞപ്പോൾ വലിയ സങ്കടം തോന്നി.പലപ്പോഴും വലിയ പ്രശ്നങ്ങൾ വരുമ്പോൾ അവൾ വരാറില്ലായിരുന്നു....പലപ്പോഴും അമ്മ വിളിക്കുമ്പോൾ, കരഞ്ഞുകൊണ്ട് പോകുമ്പോൾ ഒന്നും പറയാതെ നോക്കി നിൽക്കുന്നത് പ്രിയ പറഞ്ഞത് കൊണ്ടു മാത്രം ആണ്....അവളുടെ കളി കൂട്ടുകാരി മാത്രമല്ല രഹസ്യം സൂക്ഷിപ്പുകാരി കൂടിയാണ്. അതു തെറ്റിക്കേണ്ടാ എന്ന് കരുതികൂടി  മാത്രം ആണ്.
                                                                        പലപ്പോഴും വല്ലാതെ ദേഷ്യപ്പെടുകയും വഴക്കിടുകയും ചെയ്യുമായിരുന്നു എല്ലാവരും ആയിട്ടു.....വഴക്കാളി എന്ന് പറഞ്ഞു അവിടുത്തെ എല്ലാവരും അവളെ മാറ്റി നിർത്താറുണ്ട്! എന്തിനും അവളെ കുറ്റം പറയാറുണ്ട്! എനിക്കു പലപ്പോഴും തോന്നിയിട്ടുള്ളത് ചിലപ്പോൾ ഇത്തരം കലികൾ അവളെ പ്രശ്നങ്ങളിൽ നിന്നും ഒരു ആശ്വാസം നൽകാറുണ്ടെന്ന് മാത്രമാണ്!
                                           അവൾ പലപ്പോഴും എന്നോട് ആരെങ്കിലും ചൂടാകുമ്പോൾ  എനിക്കു പക്ഷം പിടിച്ചു എന്നെ രക്ഷിക്കുമായിരുന്നു...പലപ്പോഴും എനിക്കു അതെന്തുകൊണ്ട് മനസ്സിലായില്ല! ചിലപ്പോൾ അവൾ എന്നോട് പൊട്ടിത്തെറിക്കും പക്ഷെ ഞാൻ ചിരിച്ചു കേട്ടിരിക്കും! പിന്നീട് ഞാൻ അറിഞ്ഞത് അവൾ എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്നാണ്...പ്രിയ പറഞ്ഞപ്പോൾ ഞാൻ വല്ലാതെ അങ്ങനെയായി....വീണ്ടും ഒരു ദുരന്തം അവളുടെ ജീവിതത്തിൽ ഉണ്ടാവാതിരിക്കാൻ ആ സ്നേഹം ഞാൻ നഷ്ട പെടുത്താൻ തീരുമാനിച്ചു!
                                          എന്റെ അവിടുത്തെ ജീവിതം ഇനിയും രണ്ടാഴ്ച മാത്രം! ആയിടക്കാണ് ഓണം വരുന്നത്. "നാളെ വരുമ്പോൾ മുണ്ടും ഷർട്ടും ഇടുമോ" ആതിര ചോദിച്ചു. "അയ്യേ! ഓണം ആണെന്ന് കരുതി എനിക്കു വയ്യ..ഞാൻ പാൻറ് ഇട്ടേ വരൂ" ഞാൻ തിരിച്ചടിച്ചു. "ഞാൻ ചുരിദാർ ഇട്ടാലോ?" അവൾ ചോദിച്ചു  "എനിക്കു നല്ല സാരി അണിയുന്നവരെ കാണുന്നതാ ഇഷ്ടം....നല്ല ചുവപ്പു സാരി" ഞാൻ തീരെ വിട്ടില്ല....അവൾ ചുരിദാറിനു വേണ്ടിയും ഞാൻ പാൻറ് വേണ്ടിയും തർക്കിച്ചു കൊണ്ടിരുന്നു. അതിരാവിലെ തന്നെ ഓഫീസിലേക്ക് പുറപ്പെട്ടു ഓണം പരിപാടി തുടങ്ങുമ്പോൾ എത്തുവാൻ അന്ന് എന്റെ കൂട്ടുകാരനെ കാത്തു നിന്നു അവിടെ എത്തിയപ്പോൾ നേരം വൈകി. അവനും അവിടെ അടുത്തു പരിപാടി ഉണ്ടായിരുന്നു. അങ്ങനെ അന്നത്തെ പ്ലാൻ എല്ലാം പാളി!
                                                    അവിടെ എത്തിയപ്പോൾ പൂക്കളം ഇട്ടു തീരുന്നേ ഉണ്ടായിരുന്നുള്ളൂ. എന്നെ കണ്ടതും എല്ലാവരും വല്ലാത്ത ഒരു നോട്ടം! ഒരു അപരിചിതനെ പോലെ! "നീയെന്താ മുണ്ടും ഉടുത്തു?" പ്രിയ ചോദിച്ചപ്പോൾ മാത്രമാണ് ആ നോട്ടത്തിന്റെ കാര്യം പിടികിട്ടിയത്. "ഇന്നലെ എന്തായിരുന്നു പുകില് പാൻറ്  മാത്രമേ ഇടൂന്നു പറഞ്ഞിട്ടു" പ്രിയ വീണ്ടും ചോദിച്ചു. "പാൻറ് ഉണങ്ങിയില്ല,പിന്നെ ഓണം ഒക്കെ അല്ലെ. അപ്പോളല്ലേ നമ്മൾ മലയാളികൾ ആകേണ്ടത്" ഞാൻ പറഞ്ഞു. ആതിരയുടെ ആഗ്രഹം എനിക്കു തള്ളി കളയാൻ പറ്റിയില്ല. "ഹും! ഒരുത്തി ഇവിടെ പച്ച സാരി ഉടുത്തു വന്നിട്ടുണ്ട് ചുവപ്പു കിട്ടിയില്ല എന്നും പറഞ്ഞുകൊണ്ട്" പ്രിയ പറഞ്ഞു. അപ്പോളാണ് ആതിരയെ ഞാൻ ശ്രദ്ധിക്കുന്നത്...ആ മൂലയിൽ അവൾ ഇരിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് എന്നെ ഈ വേഷത്തിൽ കണ്ട അങ്കലാപ്പിൽ ആണെന്ന് തോന്നുന്നു. പ്രിയയുടെ വാക്കുകൾ അവിടെ ആകെ ചിരി പടർത്തി. എല്ലാവരും കൂടിയുള്ള ഫോട്ടോ എടുക്കലും,ഭക്ഷണം കഴിക്കലും എല്ലാം നല്ലൊരു ഓർമ്മ എന്റെ ജീവിതത്തിൽ സമ്മാനിച്ചു.
അവിടുത്തെ പരിപാടി അവസാനിക്കുന്നതിനു രണ്ടു ദിവസം മുൻപ്....
                                              കുറച്ചു ദിവസങ്ങൾ ആയി ആതിര എൻറെ തൊട്ടടുത്തു ഇരിക്കുന്നു..പലപ്പോഴും വർക് പതുക്കെയേ ചെയ്യുന്നുള്ളൂ.അന്ന് പെട്ടെന്ന് കംപ്യൂട്ടർ കേടു വന്നിട്ടു നന്നാക്കാൻ കൊണ്ടുപോയി. "നാലു മണിക്കൂർ ആകും കിട്ടാൻ അതുവരെ കാത്തു നിൽക്കണം" പ്രിയ പറഞ്ഞു.അങ്ങനെ വെറുതെ ഇരിക്കുമ്പോൾ ആതിര ചോദിച്ചു "വെറുതെ ഒരു തമാശ ചോദിക്കട്ടെ" ഞാൻ തലയാട്ടി. "ഒരു ജോലിയൊക്കെ കിട്ടി നീ ഒരു വിവാഹം കഴിക്കുമ്പോൾ ഏതു പെണ്കുട്ടിയേയാ കെട്ടുക....എന്താ നിന്റെ വിവാഹ സങ്കല്പം" അവൾ പറഞ്ഞു. "എനിക്കൊരു ടീച്ചറെ കെട്ടാനാണ് താല്പര്യം..കുട്ടികളുടെ മനസ്സു അറിയുന്നവർക്ക് മാത്രമേ കുട്ടിത്തം ഉണ്ടാകൂ.......നിഷ്കളങ്കമായ മനസ്സുകൾക്ക് ഒരുപാട് സ്നേഹം തരാൻ കഴിയും ജീവിതത്തിൽ" ഞാൻ പറഞ്ഞു. "നീ ഒരു എൻജിനിയർ അപ്പോൾ എന്നെപ്പോലത്തെ എൻജിനിയർ കഴിഞ്ഞ പെൺകുട്ടിയെ കല്യാണം കഴിച്ചുകൂടെ!"
                                                     എനിക്കു പെട്ടെന്ന് ചിരി പൊട്ടി..."നിന്നെപോലെ ഒരെണ്ണത്തിനെ തലയിൽ വെച്ചാൽ എന്റെ ജീവിതം പോയത് തന്നെ" ഞാൻ പറഞ്ഞു. "പോടാ അവിടുന്നു!" അവൾ എന്റെ കയ്യിൽ അടിക്കാൻ തുടങ്ങി. പ്രിയ കണ്ടപ്പോൾ  അവൾ കൈ മാറ്റി. "ഞാൻ ഒരു ടീച്ചർ ആകും...നല്ല മനസ്സുള്ള...അപ്പോൾ നീ എന്നെ കെട്ടുമോ?" അവൾ ചോദിച്ചു. "നിനക്കു അങ്ങനെ ഒരു മനസ്സു ഉണ്ടാകുവാൻ തീരെ പറ്റില്ല....അങ്ങനെ വല്ല മഹാത്ഭുതം സംഭവിച്ചാൽ ഈ ചുമട് ഞാൻ തന്നെ താങ്ങും" ഞാൻ കളിയാക്കി പറഞ്ഞു.പെട്ടെന്ന് അവളുടെ മുഖം വാടി...കരഞ്ഞുകൊണ്ട് അവിടെ നിന്നും ഇറങ്ങിപ്പോയി. ഞാൻ പെട്ടെന്ന് ഷോക്ക് ആയി.എന്റെ വാക്കുകൾ കടന്നുപോയോ എന്നു ഞാൻ ശങ്കിച്ചു.പിന്നെ പോരുന്ന വരെ ഞങ്ങൾ മിണ്ടിയില്ല....പ്രിയയോട് പറഞ്ഞു അവിടെ നിന്നും ഇറങ്ങുമ്പോൾ അവസാനമായി ആ കണ്ണുകൾ ഞാൻ കണ്ടു....പരിഭവം മാറാത്ത കണ്ണുകൾ!
                                 പിന്നീട് ഒരു വർഷത്തിന് ശേഷം പ്രിയയെ ഫെയ്‌സ്ബുക്കിൽ കണ്ടുമുട്ടി...ആതിര ഒരു ആഴ്ച കഴിഞ്ഞപ്പോൾ വർക് നിർത്തി എന്നും....ഏകദേശം ആറു മാസം കൊണ്ടു അവിടുത്തെ എല്ലാ ഇടപാടും കഴിഞ്ഞു  പ്രിയ ഗൾഫിൽ എത്തി എന്നും അറിയാൻ കഴിഞ്ഞു. അന്നത്തെ കംപ്യൂട്ടർ കേടുവരുത്തിയതും,മിണ്ടാതെ പോയതും ആതിരയുടെ പ്ലാൻ ആയിരുന്നു എന്നത് എനിക്കു ഷോക്ക് ആയി. അവളുടെ ഇഷ്ടം തന്റെ ചേട്ടന്റെ കാര്യം പോലെ ആകരുതേ എന്നു കരുതി മറന്നു കളഞ്ഞതാണ്. പ്രിയ എനിക്കു അവളുടെ ഫെയ്‌സ്ബുക് ലിങ്ക് അയച്ചു തന്നു ഞാൻ അപ്പോൾ തന്നെ റിക്വസ്റ് അവൾക്കു അയച്ചു. ഒരു ദിവസം ഫെയ്‌സ്ബുക് തുറന്നപ്പോൾ അവൾ accept എന്ന മെസ്സേജ് കണ്ടു.ഞാൻ അപ്പോൾ തന്നെ അവളുടെ ചാറ്റ് ബോക്സ് തുറന്നു സുഖ വിവരങ്ങൾ അറിഞ്ഞു.പക്ഷെ അവളുടെ reply എന്നെ നിരാശനാക്കി. "who are you?" ആ ചോദ്യം എന്നെ വല്ലാതെയാക്കി. പിന്നീട് എപ്പോഴോ ഒരു കവിതയും......ഓർമയുണ്ട്....ഓർക്കാൻ ഇഷ്ടപ്പെടുന്നില്ല...എന്നൊക്കെ അയച്ചു. എന്തോ പിന്നീട് അവളെ ശല്യപെടുത്തേണ്ടാ എന്നു ഞാൻ തീരുമാനിച്ചു. ഇന്നേക്ക് അഞ്ചു വർഷം അവളുടെ ആ മെസ്സേജ് എന്നെ വീണ്ടും ഉണർത്തി...പ്രിയയെ കഷ്ടപ്പെട്ടു കണ്ടുപിടിച്ചു.....അവൾക്കു മെസ്സേജ് അയച്ചു...അങ്ങനെ അവളെകുറിച്ചു അറിയാൻ കഴിഞ്ഞു...വെറുതെ അവൾ ഏതു സ്കൂൾ ആണെന്ന് അറിയാൻ ഒരു ആഗ്രഹം തോന്നി. ഞാൻ പ്രിയയെ കാര്യം പറഞ്ഞു. അവൾ നോക്കാം എന്നു പറഞ്ഞു.

                        ഇവിടെ ഇതു എഴുതുമ്പോൾ ആ കാത്തിരിപ്പിൽ ആയിരുന്നു ഞാൻ ....................................പ്രിയയുടെ വാക്കുകൾ കേൾക്കാൻ മാത്രം കൊതിച്ചു കൊണ്ടിരുന്നു........അവളുടെ ആ സ്കൂൾ, അവളെക്കുറിച്ചു അറിയാൻ ........വീണ്ടും അവളെ കാണാൻ...ശണ്ഠ കൂടാൻ........... വെറുതെ  ആഗ്രഹങ്ങളുടെ വിസ്‌മൃതിയിൽ അങ്ങനെ ആണ്ടുപോയി.

No comments:

Post a Comment