വാക്കുകൾക്കു ശക്തി പകരുന്നത് ഓർമകളിൽ ജീവിക്കുമ്പോൾ മാത്രമാണ്

Saturday, July 9, 2016

വാക്കുകൾ വഴികാട്ടുന്ന ജീവിത നർമ്മങ്ങൾ 

                                                                         എന്തോ ഓർത്തിരുന്ന എന്റെ മനസ്സിൽ ഒരുപാട് അത്ഭുതങ്ങൾ നിറച്ച പല വാക്കുകൾ ഉണ്ടായിട്ടുണ്ട് ഈ ജീവിതത്തിൽ. പലപ്പോഴും പിന്നീട് ഓർക്കാൻ ഒരു പാഠം ആകുന്ന നർമ്മങ്ങൾ! ഇത്തരം സംഭാഷണങ്ങൾ പലപ്പോഴും കടന്നു വരുന്നത് ഒരു നിമിഷം കൊണ്ടു മാത്രമാകും.എവിടെന്നോ വന്നു എങ്ങോ പോയ ചില ചിരികൾ,സങ്കടങ്ങൾ,വേദനകൾ......ഇന്ന് ഓർമയിൽ തോന്നുന്ന ചില കുസൃതി നിമിഷങ്ങൾ നിങ്ങളുമായി പങ്കുവെക്കുന്നു.....ഇവിടെ മാത്രം! അവ പലപ്പോഴും എന്റെ ജീവിതത്തിൽ വിലമതിക്കാനാകാത്തതാണ്.
                                                                      ഇതു തുടർന്നു വായിക്കുമ്പോൾ പലപ്പോഴും കാര്യങ്ങൾ നിങ്ങളുടെ  ജീവിതത്തിലും എന്നു തോന്നും.......പല ജീവിതങ്ങളിലും ആകസ്മികത...ഒരേ പോലെ പലപ്പോഴും സംഭവിക്കാറുണ്ട്...ചില വരികൾ നിങ്ങൾക്കു പരിചിതമാണെന്നു തോന്നുമെങ്കിലും മുഴുവനും വായിക്കാതിരിക്കരുത്....കാരണം ജീവിതങ്ങൾ ഒരേപോലെ സംഭവിക്കാറുണ്ട്....അതു ചിലപ്പോൾ ദൈവത്തിന്റെ ഒരു തമാശയാകാം.

                                                  അമ്മ ഒരുപക്ഷേ എന്നെ ഏറ്റവും നർമം പഠിപ്പിച്ചത് അവർ മാത്രമായിരിക്കും. ഞാൻ ഭക്ഷണം കഴിക്കുമ്പോൾ എനിക്കെപ്പോഴും പപ്പടം വളരെ നിർബന്ധമാണ്. അതില്ലാതെ എനിക്കു കഴിക്കാനാവില്ല! ഒരിക്കൽ പപ്പടം തീരെ കിട്ടാത്ത ഒരു മഴക്കാലം. അമ്മ ഭക്ഷണം എല്ലാം വിളമ്പി പക്ഷെ ഞാൻ അപ്പോഴും പപ്പടത്തിനു കാത്തു നിൽക്കുകയാണ് ഒന്നും കഴിക്കാതെ. അപ്പോൾ അമ്മ പറഞ്ഞു. "എന്തെല്ലാം സ്‌പെഷ്യൽ നിനക്കു ഉണ്ടാക്കിയത്, കഴിക്കൂ മോനെ! ഇനി മോൻ പപ്പടം കഴിക്കേണ്ടാ, വയറിനു ക്യാൻസർ വരും ഈ ലക്കം വനിതയിൽ ഉണ്ട്....അല്ലാതെ ഇവിടെ ഇല്യാഞ്ഞിട്ടല്ല....ഞാൻ ഉണ്ടാക്കിയില്ല" എനിക്കു വിഷമം ആകേണ്ട എന്നു കരുതി ആ പറഞ്ഞ ഒരു പറച്ചിൽ വേറെയൊന്നും മറുത്തു പറയാൻ കഴിഞ്ഞില്ല. പിന്നീട് കുറെ പപ്പടം എനിക്കു വിളമ്പി അന്ന് ഞാൻ വെറുതെ ചോദിച്ചു..."അമ്മേ ഇതു കേടല്ലേ,എന്നിട്ടും അമ്മ"
"കള്ളു ഹാനിഹരം എന്നു പറഞ്ഞിട്ടു നിന്റെ അപ്പൻ കുടിക്കുന്നില്ലേ....അത്രക്ക് കുഴപ്പം ഇതിനില്ല...പിന്നെ ഈ വനിതക്കൊക്കെ ഒരാഴ്ച സത്യമുള്ളൂ" എനിക്കു ചിരി നിർത്താൻ പറ്റിയില്ല. അവിടെ ഞാൻ കണ്ടത് എന്നോടുള്ള സ്നേഹവും അപ്പനോടുള്ള ദേഷ്യവും മാത്രമാണ്.
                                                    ചേച്ചി പലപ്പോഴും പഞ്ചപാവം തന്നെ...പക്ഷെ ചില സമയത്തു ഒരു നർമം ഉണ്ട്....അതങ്ങു നെഞ്ചു കലക്കും. ഒരിക്കൽ ചേച്ചിയുടെ പുഡിങ് കഴിച്ചപ്പോൾ വലിയ ഇഷ്ടമായി  എനിക്ക്. പിന്നീട് പലപ്പോഴും ഉണ്ടാക്കിത്തരുവാൻ പറഞ്ഞപ്പോൾ കൂട്ടാക്കാറില്ല! അങ്ങനെ അതൊരു വാശിയായി മനസ്സിൽ കൊണ്ടു നടന്നു......അങ്ങനെ ചേച്ചിയുടെ കല്യാണം ഉറപ്പിച്ചു...അതിനിടയിൽ ചേട്ടന് ചേച്ചിയെ കാണണം....ഒത്താശ ചെയ്യാൻ എന്നെ സഹായത്തിനു വിളിച്ചു. അപ്പോൾ എനിക്ക് പുഡിങ് പ്രേമം വന്നു. ഞാൻ എന്റെ ആവശ്യം പറഞ്ഞു.പക്ഷെ ചേച്ചി വഴങ്ങിയില്ല! ഞാൻ വിട്ടുകൊടുത്തില്ല....എല്ലാവരോടും കാര്യം പറഞ്ഞു പാട്ടാക്കി....കേട്ട എല്ലാവരും അവളെ കളിയാക്കാൻ തുടങ്ങി.....അവൾ കരയാൻ തുടങ്ങി......ഇതുകണ്ടപ്പോൾ എനിക്ക് വിഷമമായി...."ചേച്ചി ഞാൻ പുഡിങ് കിട്ടാഞ്ഞപ്പോൾ" ശോഭിച്ച കണ്ണുകൾ ഉയർത്തി ചോദിച്ചു....കുറെ ദേഷ്യപ്പെട്ടു@#$%" ചെവി കലങ്ങിപ്പോയി........പിന്നീട് എന്റെ ഭാര്യ ഒരിക്കൽ പറഞ്ഞു...."ചേട്ടാ.....തേങ്ങാ പുഡിങ്".............അന്ന്  കേട്ടതൊക്കെ അവളെ വിളിച്ചു @#$% .............പിന്നെ ഇന്നേവരെ പുഡിങ് ഞാൻ കഴിച്ചിട്ടില്ല.അവിടെ ആരും ഉണ്ടാക്കിയിട്ടുമില്ല.
                                                             അനിയൻ ഗൾഫിൽ വിവാഹം കഴിഞ്ഞു പെട്ടെന്ന് പോയി...അതിനു ശേഷം അവൻ വാട്ട്സ് ആപ്പിൽ തീരെ വരാറില്ലായിരുന്നു....ഞങ്ങളുടെ ഗ്രൂപ്പിൽ തീരെ വരാതെ ഇരുന്ന കക്ഷി... ഒരിക്കൽ എപ്പോഴോ അവന്റെ ഒരു വിഡിയോ പോസ്റ് കണ്ടു. അതും അതിരാവിലെ 2.30 am സമയത്ത്! "അതൊരു മദ്യത്തിന്റെ പരസ്യം ആയിരുന്നു...ഒരു യുവാവ് ടെറസ്സിന്റെ മുകളിൽ ഇരുന്നു മദ്യം കഴിക്കുന്നു...എന്നിട്ടു താഴെ വന്നു പ്രേത പടം കാണുന്നു....പെട്ടെന്ന് നമ്മെ പേടിപെടുത്തി പ്രേതം ഇറങ്ങി വരുന്നു...കണ്ടാൽ പേടി ആകും...ആ യുവാവ് പേടിക്കുന്നില്ല....ആ പ്രേതത്തിന്റെ കെട്ടിപിടിച്ചു ഉറങ്ങുന്നു...പ്രേതം രാവിലെ തോറ്റു പോകുന്നു...ഇതാണ് കഥ" ഇതിനു താഴെ കുറെ കമെന്റ് വന്നു....."ഹമ്മോ" വെറെയൊന്നു "നിനക്കു ബോധമില്ല രാവിലെയും തുടങ്ങി ഓരോ ശീലങ്ങൾ" "നീയാളാകെ മാറി" അങ്ങനെ കമെന്റ് നിറഞ്ഞു....അങ്ങനെ അവന്റെ ഭാര്യ കമെന്റ് ഇട്ടു. കുറെ ഇടിയും പിണങ്ങിയ ചിഹ്നവും. അന്നവസാനമായി അവന്റെ ഒരു പോസ്റ് വന്നു. "ഭാര്യ പിണങ്ങി,ഒന്നു ഗ്രൂപ്പിൽ ആക്ടിവ് ആകാൻ സമ്മതിക്കില്ല അല്ലെ, അറിയാതെ ഇട്ട വിഡിയോ മാറിപ്പോയി.....കൊന്നല്ലോ എന്നെ....ഹും! ചന്തുനെ തോല്പിക്കാനാകില്ല മക്കളെ" പിന്നെ കണ്ടത്. he left .......she also left.............അവനും അവന്റെ ഭാര്യയും ആ ഗ്രൂപ്പിൽ നിന്നും പോയി.
                                                     അച്ഛൻ ഒരിക്കൽ രണ്ടു ഫോൺ വാങ്ങിച്ചു. ഒന്നു അച്ഛനും മറ്റൊന്ന് അമ്മയ്ക്കും......ഒരേ കമ്പനിയുടെ ഫോൺ.......ഒരേ നിറം......തനി ഇരട്ട പോലെ.......അന്നൊക്കെ പത്രത്തിൽ അവിഹിത ബന്ധത്തിന്റെ വാർത്തകൾ വന്നുകൊണ്ടിരിക്കുന്ന സമയം....പലപ്പോഴും ഓരോന്നും വായിച്ചു ഞങ്ങളെ ഉപദേശിക്കും അച്ഛൻ. ഒരിക്കൽ അമ്മ അമ്പലത്തിൽ പോയ സമയം....ഞാൻ പല്ലു തേച്ചു പുറത്തു നിൽക്കുന്നു....പെട്ടെന്ന് ഒരു ശബ്ദം ചെന്നു നോക്കുമ്പോൾ പ്ലേറ്റ് എല്ലാം നിലത്തു പൊട്ടിക്കിടക്കുന്നു....ദേഷ്യപ്പെട്ടു അച്ഛൻ അവിടെ ഇരിക്കുന്നുണ്ട്....ഞാൻ കാര്യം തിരക്കി. "അവളെ നിന്റെ അമ്മ ഏതോ ആളുമായിട്ടാ സംസാരം...രാവിലെ നോക്കിയപ്പോൾ കുറെ മിസ്സ് കോൾ...വിളിച്ചപ്പോൾ ഒരു ആൺ ശബ്ദം........പെട്ടെന്ന് എനിക്കു ദേഷ്യം വന്നു...ആരാടാ എന്നു ചോദിച്ചതും ഫോൺ ഓഫാക്കി.....ഇന്നൊരു കൊല നടക്കും" പെട്ടെന്നാണ് അമ്മയെ ഗേറ്റ് കണ്ടത്..ഞാൻ വേഗം ഓടിപോയി....കാര്യം പറഞ്ഞു....അപ്പോഴാണ് മനസ്സിലായത്......അച്ഛന്റെ ഫോൺ കൊണ്ടു പോകുകയാണെന്ന് പറഞ്ഞു അമ്മ കൊണ്ടു പോയത് സ്വന്തം ഫോൺ ആണെന്ന്.........വിളിക്കാൻ നോക്കിയപ്പോൾ പൈസ ഇല്ല എന്നു പറഞ്ഞപ്പോൾ ആണ് കാര്യം മനസ്സിലായത്. ഞാൻ വേഗം അബദ്ധം അച്ഛനെ ധരിപ്പിച്ചു......അമളി പറ്റിയ അച്ഛൻ വല്ലാണ്ടായി.... അപ്പോൾ അമ്മ പറഞ്ഞു. "ഓരോ വാർത്ത വായിച്ചു കുടുംബത്തിന് പേപ്പറിന്റെ വില പോലും ഇല്ലാതെയാക്കരുത്........പൊട്ടിയ പ്ലേറ്റ് പോലെ ജീവിതം നന്നാകാൻ പറ്റില്ല"
                                                                   ഭാര്യ അവൾ എന്റെ ജീവിതത്തിൽ വരുന്നതിനു മുൻപ് എന്റെ കാമുകി ആയിരുന്നു....ഞാൻ പോലും അറിയാതെ.........ഒരുമിച്ചു പഠിച്ചിരുന്ന കാലം...ഒരിക്കൽ എപ്പോഴോ ബസിൽ കണ്ടുമുട്ടി.അങ്ങനെ ഞങ്ങൾ ബസ് ഇറങ്ങി കോളേജിലേക്ക് നടക്കുന്ന സമയം ഒരു പത്തു മിനുറ്റ് ഉണ്ട് കോളേജ് എത്താൻ. ഞങ്ങളെ കടന്നുകൊണ്ടു ഒരു കല്യാണ വണ്ടി പോകുന്നത് കണ്ടു..."ഹോ, കല്യാണം ഒരു സംഭവം ആണല്ലേ....എടാ നീ ആണെങ്കിൽ അതുപോലത്തെ കാറിൽ എന്നെ കെട്ടി കൊണ്ടു പോകുമോ?" അവൾ ചോദിച്ചു. "നിന്നെ പോലത്തെ ഒരുത്തിനെ കെട്ടാൻ എന്നെ കിട്ടൂല്ല...ഞാൻ ഒരു ടീച്ചർ ആയ പെൺകുട്ടിനെ കെട്ടൂ" ഞാൻ ഒന്നു ആക്കി പറഞ്ഞു....മൂന്നു വർഷങ്ങൾക്കു ശേഷം ഒരിക്കൽ അവളുടെ അച്ഛൻ എന്റെ വീട്ടിൽ വന്നു..."മോളെ, വലിയ പഠിപ്പായിട്ടും ടീച്ചർ ആയിരിക്കുകയാ..നിങ്ങളുടെ മോൻ കാരണം....മുടിഞ്ഞ പ്രേമം ആണ് പോലും.......ഇവനെ കെട്ടൂ എന്ന വാശിയിലാണ് മോള് ഒരു തീരുമാനം പെട്ടെന്ന് വേണം" വീട്ടിൽ ഇടിത്തീ കോരിയിട്ടു അവളുടെ അച്ഛൻ അങ്ങനെ പറഞ്ഞു പോയി......ഒരു പ്രണയത്തിന്റെ സാഫല്യം ചിലപ്പോൾ ഒരു വാക്ക് ആകാം അതു അന്നെനിക്ക് മനസ്സിലായി.

Tuesday, July 5, 2016

കാലം കാണിച്ചുകൂട്ടുന്ന തമാശകൾ

ഒന്നാം ഘട്ടം............................................

                                            ആ മുഖം ആദ്യമായി കാണുന്നത് സ്കൂളിലെ ചർച്ചാ ക്യാമ്പിൽ വെച്ചാണ്...ടെലിവിഷൻ കുറിച്ചുള്ള ഒരു കൊച്ചു ഡിബേറ്റ്....നാലു അഞ്ചു പേര് കഴിഞ്ഞു കാണും....തികച്ചും ഉറക്കം തൂങ്ങിയ ആ സദസിനെ കയ്യിലെടുത്തു കൊണ്ടായിരുന്നു അവളുടെ തുടക്കം....അനുപ്രിയ ആ പേര് അന്ന് മനസ്സിൽ കുറിച്ചിട്ടു എന്തിനു വേണ്ടിയാന്നെന്നറിയില്ല...അത്രക്ക് ഉഗ്രമായിരുന്നു ആ പ്രസംഗം....അഞ്ചു മിനുറ്റ് ഏതോ ഒരു ലോകത്തിൽ കയറ്റി വിട്ട പ്രതീതി! തീർച്ചയായും പറയണം അതവൾക്കു ഫസ്റ്റ് നേടിക്കൊടുത്ത പ്രകടനം തന്നെ ആയിരുന്നു....ഒരു ആരാധന തോന്നി കുറേകാലം മനസ്സിൽ.


രണ്ടാം  ഘട്ടം............................................

                                                                       അപ്രതീക്ഷിതമായ ഒരു കണ്ടുമുട്ടൽ ഞങ്ങൾ പ്ലസ് വൺ പഠിക്കുമ്പോൾ ആണ്! അന്നത്തെ ആദ്യത്തെ ക്ലാസ്സ് അനുപ്രിയ എന്റെ ക്ലാസ്സ് മേറ്റ് ആണെന്ന്  മനസ്സിലായ നിമിഷം!അതിനേക്കാൾ ഞാൻ ഞെട്ടിയത് വേറെ ഒന്നുംകൊണ്ടല്ല.....ചുമ്മാ ഏതു സബ്‌ജക്റ്റും കത്തി അടിച്ചോളും.......സംസാരിക്കാൻ എന്തോ ഭയങ്കര കഴിവാണ്.....ഞാൻ പലപ്പോഴും കളിയാക്കാറുണ്ട് "താൻ എന്താ പറഞ്ഞത് എന്നു വല്ല വിവരവും ഉണ്ടോ? ഏതു വല്ലതും അറിഞ്ഞോണ്ട് പറയുന്നതാണോ?" ഒരു കള്ള ചിരി തന്നിട്ട് അവിടെ നിന്നും മുങ്ങും. അതിനിടയിൽ ഫാഷൻ ഷോയിൽ പങ്കെടുക്കുന്നത്....അവളുടെ ജീവിതം അവിടെ മാറി.....തിരക്കിട്ട ജീവിതത്തിലേക്ക് ഊളിയിട്ടു.പലപ്പോഴും ഫേസ്ബുക്കിൽ സ്റ്റാറ്റസും ഹായ് വിളിയും മാത്രം.ക്ലാസ്സുകളിൽ വരുന്നതേ ദുർലഭം. പക്ഷെ അവളുടെ പരിപാടിയെല്ലാം കലക്കുന്നുണ്ടായിരുന്നു..പലപ്പോഴും "അമ്മേ എന്റെ ഫ്രണ്ട്‌" എന്നു പറയാറുണ്ടായിരുന്നു.. ടീവിയിൽ വരുമ്പോൾ......അങ്ങനെ ടീവിയിൽ മാത്രമായി കാണാൻ തുടങ്ങി.

മൂന്നാം   ഘട്ടം............................................

                                            നിനച്ചിരിക്കാതെ ഒരു പകൽ ആശുപത്രി വരാന്തയിലൂടെ അമ്മാവനെ കാണാൻ പോകുന്ന വഴി.....പെട്ടെന്ന് കണ്ണിൽ പെട്ട ഒരു ജനൽ അഴി മനസ്സൊന്നു പിടഞ്ഞു..ആരോ അതെനിക്ക് പരിചയമുള്ള മുഖം ആണല്ലോ! വീണ്ടും നോക്കി പെട്ടെന്ന് തലയിലെ തട്ടം മുഖം മറച്ചു. പെട്ടെന്ന് ആ മുറിയുടെ വാതിൽ തുറന്നു...ഒരു സ്ത്രീ ആയിരുന്നു...അനുപ്രിയയുടെ അമ്മ! അപ്പോൾ ആ തട്ടം. ഞാൻ വേഗം ആ മുറിയിൽ ഓടി കയറി...വിശ്വസിക്കാനായില്ല അനുപ്രിയ! നിനെക്കെന്താണ് പറ്റിയത് ചോദിക്കണം എന്നു കരുതി പക്ഷെ ആ ഷോക്കിൽ വാക്കുകൾ പുറത്തു വന്നില്ല. അവളുടെ അമ്മ എന്നെയും കൂട്ടി പുറത്തേക്കു ഇറങ്ങി. ആ വാതിൽ അടച്ചു. അപ്പോഴും ആ കണ്ണുകളിലെ തീഷ്ണത എന്നെ വേട്ടയാടിക്കൊണ്ടിരുന്നു.അവളുടെ അമ്മയിൽ നിന്നും കാര്യങ്ങൾ എല്ലാം അറിഞ്ഞു. ക്യാൻസർ ബാധിച്ചു മരണത്തിനു മൂന്നുമാസം ഡോക്ടർ നിശ്വയിച്ചു. മരണം കാത്തു കിടക്കുന്ന ഒരു ശരീരം മാത്രമാണിവൾ! ആ തിരിച്ചറിവുകൾ വല്ലാതെ മനസ്സിനെ നോവിച്ചു. ഫാഷൻ രംഗത്തെ മത്സരം അനധികൃതമായ കോസ്‌മെറ്റിക് ഉപയോഗം, ശരീരത്തിൽ നൽകിയ സൗന്ദര്യ വർധക വസ്തുക്കൾ എല്ലാം അവളുടെ ഭാവി നശിപ്പിച്ചു. തൊണ്ടയിൽ തുടങ്ങിയ ക്യാൻസർ അവളുടെ സംസാരത്തെ ബാധിച്ചു....പിന്നീട് ശരീരത്തെ ക്യാൻസർ കാർന്നു തിന്നു. എല്ലാം കേട്ടപ്പോൾ അവളെ ഒന്നു കാണണം എന്നു തോന്നി. ഇതു പറഞ്ഞപ്പോൾ അമ്മ അനുവാദം തന്നു. എന്നെ കണ്ടപ്പോൾ എന്തോ അവൾ മനസ്സിലാക്കിയ പോലെ. ആ കണ്ണുകളിൽ വെള്ളം നിറയുന്നത് കണ്ടു.ഒന്നും പറഞ്ഞില്ലെങ്കിലും എന്തെക്കൊയോ മനസ്സു മന്ത്രിക്കുന്നതായി തോന്നി.മുടി കൊഴിഞ്ഞ ആ രൂപം അപ്പോഴും നല്ല ഭംഗി ഉള്ള പോലെ തോന്നി.ഒന്നും പറയാൻ നില്കാതെ ആ മുറിയിൽ നിന്നും ഞാൻ ഇറങ്ങി.

                                               മനുഷ്യ  ജീവിതങ്ങൾ നിർമ്മലമാണ്, വളരെ ദൂരം കുറഞ്ഞത്..അതിനിടയിൽ നമ്മെ നയിക്കുന്നത് ഓർമകളും സ്വപ്നങ്ങളും ആണ്......ഇങ്ങനെ  മനസ്സിനെ കരയിപ്പിക്കാൻ ചിലപ്പോൾ ദൈവം ചില കണ്ടുമുട്ടലുകൾ നടത്തും...തിരിച്ചറിവിന്റെ, യാഥാർഥ്യത്തിന്റെ  ആ ലോകത്ത് എത്തുമ്പോൾ തിരിച്ചെടുക്കാൻ കഴിയാത്ത പലതും നമ്മുക്ക് സംഭവിച്ചിട്ടുണ്ടാകും. ജീവിതം എത്ര സാധാരണം ആണെന്ന് അറിയാതെ നമ്മുടെ കാതിൽ ചൊല്ലും.....എന്നാലും കാലം മുൻപോട്ടു പോകുന്തോറും സങ്കടങ്ങൾ പെട്ടെന്ന് മറന്നു സന്തോഷങ്ങൾ തേടി അലയും......ഈ പഠിക്കാത്ത പാഠ പുസ്‌തകത്തിന്റെ പേര് ഒന്നേ ഉള്ളൂ ഈ ലോകത്ത്.....മനുഷ്യ ജീവിതം!